നാടിനെ കുറിച്ച്....
കണ്ണൂര്‍ ജില്ലയില്‍, തലശ്ശേരി താലൂക്കില്‍, കൂത്തുപറമ്പ് ബ്ളോക്കിലാണ് ചിറ്റാരിപറമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മാനന്തേരി, കണ്ണവം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ചിറ്റാരിപറമ്പ് ഗ്രാമപഞ്ചായത്തിനു 33.81 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. 15 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് മാലൂര്‍, മാങ്ങാട്ടിടം പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കൊളയാട് പഞ്ചായത്തും, തെക്കുഭാഗത്ത് കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയും, പാട്യം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയും, മാങ്ങാട്ടിടം പഞ്ചായത്തുമാണ്. ചിറ്റലരി (ചെറിയ ഒരുതരം അരി) വിളഞ്ഞിരുന്ന പറമ്പാണ് ചിറ്റാരിപറമ്പ് എന്ന സ്ഥലനാമമായി പരിണമിച്ചത്. വ്യക്തമായ അതിരുകളോടെയുള്ള പഞ്ചായത്തായി ചിറ്റാരിപറമ്പ് മാറുന്നത് 1961-ലാണ്. 15-ാം നൂറ്റാണ്ടിലാരംഭിച്ച പഴശ്ശി രാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ പ്രദേശങ്ങള്‍ മുഴുവന്‍. 18-ാം നൂറ്റാണ്ടിന്റെ അവസാനഘട്ടമായപ്പോഴേക്കും ഇവിടം യുദ്ധങ്ങളുടേയും പടയോട്ടങ്ങളുടേയും വേദിയായി.
ടിപ്പുസുല്‍ത്താന്റെ കടന്നുകയറ്റം ഇവിടുത്തെ മതസാമൂഹ്യബന്ധങ്ങളിലും സാംസ്കാരികരംഗത്തും വലിയ മാറ്റമുണ്ടാക്കി. ബ്രിട്ടീഷുകാര്‍ കടന്നുവന്ന് പഴശ്ശിയുടെ അധികാരത്തില്‍ ഇടപെടാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് കേരളവര്‍മ്മ പഴശ്ശിരാജയുടെ സ്വരാജ്യസ്നേഹം ഉണര്‍ന്നത്. പിന്നീട് ബ്രിട്ടീഷുകാരും പഴശ്ശിയും തമ്മില്‍ നിരവധി പ്രാവശ്യം ഏറ്റുമുട്ടി. ബ്രിട്ടീഷുകാരെ മുട്ടുകുത്തിച്ച പല ഒളിയുദ്ധങ്ങളും നടന്നിട്ടുള്ളത് ഈ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ചായിരുന്നു. പഴശ്ശിയുടെ മരണശേഷം ഈ പ്രദേശം ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള നിയന്ത്രണത്തിന്‍ കീഴിലാവുകയും തുടര്‍ന്ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തു. ചെറുതും വലുതുമായ അനേകം കുന്നുകളും, ചെരിവുപ്രദേശങ്ങളും, പരിമിതമായ തോതില്‍ വയലുകളുമടങ്ങുന്നതാണ് ചിറ്റാരിപറമ്പ് പഞ്ചായത്തിന്റെ ഭൂപ്രകൃതി. തെക്കുകിഴക്കു ഭാഗത്തായി കണ്ണവം റിസര്‍വ്വ് ഫോറസ്റ്റു സ്ഥിതി ചെയ്യുന്നു. ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ സമതലപ്രദേശം, ചെരിവുപ്രദേശം, കുന്നിന്‍പ്രദേശം എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. ഇവിടുത്തെ പല കുന്നുകളിലും ഒരിക്കലും വറ്റാത്ത നീരുറവകളുണ്ട്.