ഗ്രാമത്തിലൂടെ



ചിറ്റാരിപ്പറമ്പ് - 2012
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കില്‍ കൂത്തുപറമ്പ് ബ്ളോക്കിലാണ് ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1961-ലാണ് ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. 31.81 ച.കി.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് മാലൂര്‍, മാങ്ങാട്ടിടം പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കൊളയാട് പഞ്ചായത്തും, തെക്കുഭാഗത്ത് കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയും, പാട്യം പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയും, മാങ്ങാട്ടിടം പഞ്ചായത്തുമാണ്. 22323 വരുന്ന ജനസംഖ്യയില്‍ 10269 പുരുഷന്‍മാരും 12054 സ്ത്രീകളുമാണ്. സമ്പൂര്‍ണ്ണസാക്ഷരത കൈവരിച്ച പഞ്ചായത്താണ് ചിറ്റാരിപ്പറമ്പ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന ചിറ്റാരിപ്പറമ്പ് പഞ്ചായത്തിനെ പ്രധാനമായി സമതലപ്രദേശം, ചെരിവ് പ്രദേശം, കുന്നിന്‍ പ്രദേശം എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. ചെറുതും വലുതുമായി അനേകം കുന്നുകളും ചെരിവ് പ്രദേശങ്ങളും പരിമിതമായ തോതില്‍ വയലുകളും അടങ്ങുന്നതാണ് ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത്. തികച്ചും കാര്‍ഷികമേഖലയായ ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തില്‍ തെങ്ങ്, കവുങ്ങ്, കുരുമുളക്, കശുമാവ്, നെല്ല്, വാഴ, മരച്ചീനി, റബ്ബര്‍ തുടങ്ങിയവയാണ് പ്രധാന കൃഷികള്‍.


പ്രധാനമായും രണ്ട് പുഴകള്‍ പഞ്ചായത്ത് പരിധിയിലൂടെ ഒഴുകുന്നു. കണ്ണവം പുഴ പഞ്ചായത്തിലൂടെ ഏതാണ്ട് 10 കി.മീ നീളത്തില്‍ കിഴക്ക് പടിഞ്ഞാറായി ഒഴുകുന്നു. ഇടുംബ പുഴ 5 കി.മീ നീളത്തിലും പഞ്ചായത്തിലൂടെ കടന്നു പോവുന്നു. ചെറുതും വലുതുമായ 8 കുളങ്ങള്‍ പഞ്ചായത്തിലുണ്ട്. 10 കുഴല്‍കിണറുകളും 23 പൊതുകിണറുകളും ജലസേചനത്തിനായി ഉപയോഗിക്കുന്നു. ചെറുതും വലുതുമായ ഒട്ടേറെ കുന്നുകള്‍ ഈ പഞ്ചായത്തില്‍ ഉണ്ട്. കുട്ടിമാക്കൂല്‍ കുന്ന്, മൂരിക്കുന്ന്, നമ്പൂതിരിക്കുന്ന് എന്നിവ പ്രധാന കുന്നുകളും പറമ്പുക്കാവ് മല, ചെന്നപ്പൊയില്‍ മല എന്നിവ പ്രധാന മലകളുമാണ്. മൊത്തം വിസ്തൃതിയുടെ 10% ത്തോളം വനപ്രദേശമാണ്. 40 പൊതുകുടിവെള്ള ടാപ്പുകള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തിലെ രാത്രികാല സഞ്ചാരം സുഗമമാക്കുന്നതിന് വേണ്ടി വീഥികളില്‍ 211 തെരുവു വിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നു. ഭാരതീയ സൌന്ദര്യ സങ്കല്‍പ്പങ്ങളുടെ മഹനീയ മാതൃകയായ പൌരാണിക ചിത്ര ശില്‍പ്പ സങ്കേതങ്ങളെ അടിസ്ഥാനമാക്കിയുള്ള മ്യൂറല്‍ ചിത്രങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ തൊടീക്കളം ശിവക്ഷേത്രം പഞ്ചായത്തിലെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ്. വില്ലൂന്നിമല, കണ്ണയംമല, പഴശ്ശി രാജാവിന്റെ പോരാട്ട മേഖല, ബത്തേരികുന്ന് എന്നിവയും പഞ്ചായത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. ചിറ്റാരിപ്പറമ്പ് പഞ്ചായത്തില്‍ ഇന്ന് കാണുന്ന പലറോഡുകളും ഊടുവഴികളായിരുന്നു. പഞ്ചായത്തിലെ ബസ് ഗതാഗതമുള്ള കണ്ണവം-ചെറുവാഞ്ചരി റോഡ്, കണ്ണവം-ഇടുംബ റോഡ്, മാനന്തേരി-മുടപ്പത്തൂര്‍ റോഡ്, മാനന്തേരി സത്രം വണ്ണാത്തിമൂലവലിയവെളിച്ചം റോഡ് തുടങ്ങിയവയെല്ലാം തന്നെ വര്‍ഷങ്ങള്‍ക്ക് ശേഷം വികസിപ്പിച്ചെടുത്തവയാണ്. തലശ്ശേരി-ബാവലി റോഡ്, ചിറ്റാരിപ്പറമ്പ്-വട്ടോളി കോയാറ്റില്‍ റോഡ്, 12-ാം മൈല്‍ തേങ്കാട് വണ്ണാത്തിമൂല റോഡ് എന്നിവ പഞ്ചായത്തിലെ പ്രധാന റോഡുകളാണ്. കൂത്തുപറമ്പ് ബസ്സ്റ്റാന്റിലാണ് പഞ്ചായത്തിന്റെ ബസ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്നത്.


വിദേശയാത്രക്കായി പഞ്ചായത്ത് നിവാസികള്‍ കരിപ്പൂര്‍, മംഗലാപുരം വിമാനത്താവളങ്ങളെയാണ് ആശ്രയിക്കുന്നത്. റെയില്‍വേ ഗതാഗതത്തിനായി തലശ്ശേരി റെയില്‍വേ സ്റ്റേഷനും തുറമുഖം എന്ന നിലയില്‍ മംഗലാപുരം തുറമുഖവും പഞ്ചായത്തിനോട് അടുത്ത് സ്ഥിതിചെയ്യുന്നു. കണ്ണവം പാലം, ഇടുംബ പാലം, മാനന്തേരി മുടപ്പത്തൂര്‍ പുഴ പാലം, മൊടോളിപ്പുഴ പാലം എന്നിവ പഞ്ചായത്തിലെ ഗതാഗതമേഖലയിലെ പുരോഗതി വിളിച്ചറിയിക്കുന്നു. കുടില്‍ വ്യവസായങ്ങളോ സഹകരണമേഖലയിലെ വ്യവസായങ്ങളോ പഞ്ചായത്തില്‍ എടുത്തുപറയത്തക്കതായി ഇല്ല. ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് വന്‍കിട വ്യവസായ സംരംഭങ്ങള്‍ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. ചിറ്റാരിപ്പറമ്പ് പഞ്ചായത്തില്‍ വിവിധ ഭാഗങ്ങളിലായി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കുലത്തൊഴിലായി ചക്ക് ഉപയോഗിച്ച് കൊപ്ര ആട്ടി എണ്ണ എടുക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു. പഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍ നൂല്‍നൂല്‍പ്പും, തുണിനെയ്ത്തും, കരിങ്കല്‍ ക്വാറികളും പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുവിതരണമേഖലയില്‍ 9 റേഷന്‍കടകളും ഒരു മാവേലി സ്റ്റ്റോറും പ്രവര്‍ത്തിക്കുന്നു. ചിറ്റാരിപ്പറമ്പ്, കണ്ണവം എന്നിവിടങ്ങളിലാണ് പഞ്ചായത്തിലെ വ്യാപാരം കേന്ദ്രീകരിച്ചിരിക്കുന്നത്. കണ്ണവം പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ളക്സ് ഈ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിലെ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചിരിക്കുന്നത് ചിറ്റാരിപ്പറമ്പ്, കണ്ണവം, മാനന്തേരി സത്രം എന്നിവിടങ്ങളിലായാണ്. ഗതകാല സംസ്കാരത്തിന്റെ സ്മരണികയായി നിലകൊള്ളുന്ന ക്ഷേത്രങ്ങളും നാടന്‍കലാരൂപമായ തെയ്യം കെട്ടിയാടുന്ന കാവുകളും മുസ്ളീം പള്ളികളും സ്ഥിതിചെയ്യുന്ന പ്രദേശമാണ് ചിറ്റാരിപ്പറമ്പ്. തൊടീക്കളം ശിവക്ഷേത്രം, മാനന്തേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, മുടപ്പത്തൂര്‍ ശിവക്ഷേത്രം, മാനന്തേരി കാവ്, അക്കരെ വട്ടോളി മാണക്കാവ് തുടങ്ങി ഇരുപതോളം കാവുകളും ക്ഷേത്രങ്ങളും പഞ്ചായത്തിലുണ്ട്. ചിറ്റാരിപ്പറമ്പ്, കണ്ണവം, മാനന്തേരി, വണ്ണാത്തിമൂല, ഇടുംബ, തൊടീക്കളം എന്നിവിടങ്ങളിലെ ജുമാ അത്ത് പള്ളികളും മറ്റ് പ്രദേശങ്ങളിലെ ചെറുപള്ളികളും ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ മുസ്ളീം ജനവിഭാഗത്തിന്റെ ആരാധനാലയങ്ങളാണ്. ഈ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് നടത്തി വരുന്ന ഉത്സവങ്ങളും പള്ളി പെരുന്നാളുകളും ജാതിഭേദമെന്യേ എല്ലാവരും ആഘോഷിക്കുന്നു. തൊടീക്കളം ശിവരാത്രി ഉത്സവം, മാനന്തേരി കാവില്‍ ഉത്സവം, പട്ടിലേരി മടംപ്പുര തേന്‍കാവ് ഉത്സവം എന്നിവ പഞ്ചായത്തിലെ പ്രധാന ഉത്സവങ്ങളാണ്. 


വിദ്യാഭ്യാസ പ്രവര്‍ത്തകനായ കുഞ്ഞനന്തന്‍ നമ്പ്യാര്‍, വിഷചികിത്സാ വൈദ്യന്‍മാരായിരുന്ന കുഞ്ഞിപൈതല്‍, ആലക്കാടന്‍ ചന്തന്‍ വൈദ്യര്‍, യു.ഗോവിന്ദന്‍ വൈദ്യര്‍, സ്വാതന്ത്ര്യസമര സേനാനികളായ കെ.ടി.കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, വി.വി.കൃഷ്ണ മാരാര്‍, കരിയാടന്‍ രാവുണ്ണി എന്നിവര്‍ പഞ്ചായത്തിലെ പ്രമുഖ വ്യക്തികളാണ്. സംസ്ഥാനതല വോളിബോള്‍ താരങ്ങള്‍ സി.പി. ഉസ്മാനും, സി.അശോകനും ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കായികരംഗത്തിന് അഭിമാനം പകരുന്നവരാണ്. കുറിച്ച്യരുടെ ജീവിതവും സംസ്കാരവു മെന്ന വിഷയത്തില്‍ ഡോക്ടറേറ്റ്  ലഭിച്ച ഡോ.കുമാരന്‍ വയലേരി ഈ പഞ്ചായത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യത്തെ വ്യക്തിയാണ്. ആരോഗ്യസേവന രംഗത്ത് ഉന്നതമായ ഒരു പാരമ്പര്യം ഈ പഞ്ചായത്തിനുണ്ട്. കുറിച്യരുടെ പരമ്പരാഗത ചികിത്സയും, ആര്യവൈദ്യന്‍മാര്‍, കളരി ഗുരുക്കന്‍മാര്‍ മുതലായവരുടെ സേവനവും പണ്ടു മുതലേ ഈ പഞ്ചായത്തില്‍ ലഭിച്ചിരുന്നു. തൊടീക്കളത്ത് സ്ഥിതി ചെയ്യുന്ന ചിറ്റാരിപ്പറമ്പ് പ്രാഥമികാരോഗ്യകേന്ദ്രം, വട്ടോളി, മാനന്തേരി എന്നിവിടങ്ങളിലെ ഉപകേന്ദ്രങ്ങള്‍, മാനന്തേരി സത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വ്വേദ ഡിസ്പെന്‍സറി എന്നിവ പഞ്ചായത്തിലെ പൊതുജനാരോഗ്യ സംവിധാനങ്ങളാണ്. മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ ചിറ്റാരിപ്പറമ്പില്‍ ഒരു മൃഗാശുപത്രി പ്രവര്‍ത്തിക്കുന്നു. ചിറ്റാരിപ്പറമ്പ് പഞ്ചായത്തില്‍ ആരംഭിച്ച കുടിപ്പള്ളിക്കൂടങ്ങളില്‍ നിന്നാണ് ഇവിടുത്തെ വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത്. ഈ നൂറ്റാണ്ടിന്റെ പിറവിക്കു മുന്‍പു തന്നെ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചിറ്റാരിപ്പറമ്പില്‍ ആരംഭിച്ചിരുന്നു. ആദ്യത്തെ അംഗീകൃത പ്രൈമറി വിദ്യാലയം പരുമയില്‍ സ്ഥിതി ചെയ്യുന്ന ഇന്നത്തെ കണ്ണവം ജി.എല്‍.പി.സ്ക്കൂളാണ്. ഇതേ കാലയളവില്‍ ആരംഭിച്ച മാനന്തേരി ഹിന്ദു ബോയ്സ് സ്ക്കൂള്‍ മാനന്തേരി, മാനന്തേരി യു.പി.സ്ക്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നു. ആദ്യത്തെ യു.പി.സ്ക്കൂള്‍ ചിറ്റാരിപ്പറമ്പില്‍ 1935-ല്‍ ജ്ഞാനപ്രകാശിനി എന്ന പേരില്‍ പുതുശ്ശേരി വേണാടന്‍ അച്ചുതന്‍ മാസ്റ്റര്‍ എന്ന വിദ്യാഭ്യാസപ്രവര്‍ത്തകനാണ് ആരംഭിച്ചത്. പഞ്ചായത്തിലെ ഏക ഹൈസ്ക്കൂള്‍ ചിറ്റാരിപ്പറമ്പ് ടൌണില്‍ പ്രവര്‍ത്തിക്കുന്ന ചിറ്റാരിപറമ്പ് ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍ ആണ്. പഞ്ചായത്തില്‍ പത്തോളം എല്‍.പി. സ്ക്കൂളുകളും 2 യു.പി. സ്ക്കൂളുമടക്കം 12 പ്രാഥമിക വിദ്യാലയങ്ങളാണുള്ളത്. ചിറ്റാരിപ്പറമ്പിലെ വയോജനകേന്ദ്രം പഞ്ചായത്തിലെ പ്രധാന സാമൂഹ്യസ്ഥാപനമാണ്. ചിറ്റാരിപ്പറമ്പ് സര്‍വ്വീസ് സഹകരണ ബാങ്ക്, കണ്ണവം സര്‍വ്വീസ് സഹകരണ ബാങ്ക്, കൂത്തുപറമ്പ് റൂറല്‍ ബാങ്ക്, മാനന്തേരി വനിതാ കോഓപ്പറേറ്റീവ് ബാങ്ക്, കണ്ണവം വനിതാ കോഓപ്പറേറ്റീവ് ബാങ്ക്, ചിറ്റാരിപ്പറമ്പ് അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് സൊസൈറ്റി എന്നിവ സഹകരണ മേഖലയിലെ പ്രധാന സ്ഥാപനങ്ങളാണ്. നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് ചിറ്റാരിപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്നു. വിദ്യാഭ്യാസ സാംസ്കാരിക രംഗത്തെ മുന്നറ്റത്തിന് സഹായിക്കുന്നവയാണ് ഗ്രന്ഥശാലകളും വായനശാലകളും. കണ്ണവം മഹാത്മ ഗാന്ധി സ്മാരക ഗ്രന്ഥാലയമാണ് പഞ്ചായത്തിലെ പ്രധാന ഗ്രന്ഥശാല. ഇ.കെ.നയനാര്‍ സ്മാരക കമ്മ്യൂണിറ്റിഹാള്‍ ചിറ്റാരിപ്പറമ്പില്‍ സ്ഥിതി ചെയ്യുന്നു. മാനന്തേരി, കണ്ണവം എന്നിങ്ങനെ രണ്ട് വില്ലേജുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത്. കൃഷിഭവന്‍, ടെലിഫോണ്‍ എക്സ്ചേഞ്ച് എന്നിവ ചിറ്റാരിപ്പറമ്പിലാണ് പ്രവര്‍ത്തിക്കുന്നത്. തപാല്‍ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്നത് ചിറ്റാരിപ്പറമ്പിലും മാനന്തേരിയിലുമാണ്. പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത് കണ്ണവം കേന്ദ്രമാക്കിയാണ്.